സാമൂഹ്യ-സാംസ്കാരികചരിത്രം
നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ചിറ്റിലപ്പള്ളി
ആസ്ഥാനമായി നാടുവാണിരുന്ന തലപ്പിള്ളിരാജവംശത്തിന്റെ ഭരണത്തിന്‍
കീഴിലായിരുന്നു തോളൂര്‍ പഞ്ചായത്തുപ്രദേശം. പിന്നീട് മണക്കുളം, കക്കാട്,
പുന്നത്തൂര്‍, ചിറളയം എന്നീ നാലു താവഴികളിലായി പിരിഞ്ഞതില്‍
പുന്നത്തൂരിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ബ്രാഹ്മണരുടെയും
നാടുവാഴികളുടെയും ജന്മികളുടെയും ഭരണവ്യവസ്ഥ ഉണ്ടായിരുന്ന കാലത്തിന്റെ
അവശിഷ്ടങ്ങളായക്ഷേത്രങ്ങളും കുളങ്ങളും ഒരു വള്ളക്കടവും ഇവിടെ
ഇപ്പോഴുമുണ്ട്.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പുന്നത്തൂര്‍ കോട്ട
തകര്‍ന്നെങ്കിലും പുന്നത്തൂരിന്റെ അധീശത്വമുള്ള വഴിയില്‍ ശേഖവന്‍കാവ്
ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നു. തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രം
ആദ്യകാലത്ത് തോളൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കളത്തൂരില്‍ ആയിരുന്നുവെന്നു
പറയപ്പെടുന്നു. ക്ഷേത്രാവശിഷ്ടങ്ങളും വിസ്തൃതമായ ക്ഷേത്രകുളവും ഇന്നും
ഉണ്ട്. കണ്ണന്‍ചിറ എന്നത് ലോപിച്ച് കണ്ടന്‍ചിറ എന്ന പേരിലാണ് കുളം
ഇന്നറിയപ്പെടുന്നത്. കേരളത്തിലെ ആദിബ്രാഹ്മണരെന്ന് അവകാശപ്പെടുന്ന
ആഴുവാഞ്ചേരിക്കാരുടെ ഊരായ്മക്ഷേത്രങ്ങളാണ് തോളൂര്‍ വിഷ്ണുക്ഷേത്രവും
പോന്നാര്‍ ശിവക്ഷേത്രവും തോളൂര്‍ പിഷാരിയേക്കല്‍ ക്ഷേത്രവും. ഇവിടുത്തെ
ഭൂമിയുടെ സിംഹഭാഗവും ഈ ജന്മികുടുംബം വെച്ചനുഭവിച്ചിരുന്നു.
കൊച്ചിരാജാവിന്റെ ഭരണകാര്യങ്ങളില്‍ പങ്കുവഹിച്ചിരുന്നതായി പറയപ്പെടുന്ന
നമ്പ്യാന്‍മാര്‍ എന്ന കൂട്ടരും ഈ പ്രദേശവാസികളായിരുന്നു. എ.ഡി.52-ല്‍
ക്രിസ്തുശിഷ്യനായ വിശുദ്ധതോമാശ്ളീഹ പാലയൂര്‍ സന്ദര്‍ശിച്ചു പള്ളി
സ്ഥാപിച്ചതായി ചരിത്രസൂചനകളുണ്ട്. പാലയൂരില്‍ നിന്നും ഉദ്ദേശം 8
കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന പറപ്പൂരിലും തോമാശ്ളീഹയുടെ
പാദസ്പര്‍ശമേറ്റിട്ടുണ്ട്.ഈ പ്രദേശത്തെ ക്രിസ്ത്യാനികളുടെ ആദ്യത്തെ
ഇടവകപള്ളി പാലയൂരായിരുന്നു. പറപ്പൂര്‍പ്രദേശത്ത് താമസിച്ചിരുന്ന
ക്രിസ്ത്യാനികള്‍ രാജാവിനോട് ആവശ്യപ്പെട്ട പ്രകാരം 64 കുടിയായ്മകള്‍ക്കായി
പറപ്പൂരില്‍ ഒരു പള്ളിക്ക് തീട്ടൂരം കല്‍പിച്ചനുവദിച്ചതിന്റെ ഫലമായി
കൊല്ലവര്‍ഷം 907 തുലാം മാസത്തില്‍ (1731) പറപ്പൂര്‍ പള്ളി സ്ഥാപിതമായതായി
പറയപ്പെടുന്നു. പുന്നത്തൂര്‍ നാടുവാഴിയുടെ പടനായകനായി തുളുനാട്ടില്‍നിന്നു
വരികയും പിന്നീട് നാടുവാഴിയെ എതിര്‍ക്കുകയും ചെയ്തതായി കേള്‍ക്കുന്നുണ്ട്. ഈ
പടനായകന്‍ തുളുവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നതെന്നും
തുളുവര്‍ എന്ന വാക്കില്‍ നിന്നാണ് തോളൂര്‍ ഉണ്ടായതെന്നും പറയപ്പെടുന്നു.
പഴയ കൊച്ചിരാജ്യം ഉണ്ടായിരുന്ന കാലത്തുതന്നെ തോളൂര്‍ പഞ്ചായത്ത്
നിലവിലുണ്ടായിരുന്നു. അക്കാലത്ത് നാട്ടുപ്രമാണിമാരും ജന്മികളും
മാത്രമായിരുന്നു പഞ്ചായത്തുമെമ്പര്‍മാരായും പ്രസിഡന്റുമാരായും
സര്‍ക്കാരിനാല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. 1874-ല്‍ സ്ഥാപിതമായ
പറപ്പൂര്‍ സെന്റ് ജോണ്‍സ് എല്‍.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ
വിദ്യാഭ്യാസസ്ഥാപനം. എടക്കളത്തൂര്‍ ശ്രീകൃഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍
സ്ഥാപിച്ചത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. ചിറ്റിലപ്പള്ളി
വില്ലേജുകോടതിയുടെ ആസ്ഥാനം പറപ്പൂരില്‍ ആയിരുന്നു. പറപ്പൂരിനേയും
ചിറ്റിലപ്പള്ളിയേയും ബന്ധിപ്പിക്കുന്ന മുള്ളൂര്‍ കായല്‍ പാലത്തിന്റേയും
റോഡിന്റേയും നിര്‍മ്മാണം 1921-ലും, പോന്നാര്‍ നിന്ന് എടക്കളത്തൂര്‍ക്കുള്ള
പുത്തന്‍വെട്ടുവഴി എന്നറിയപ്പെട്ടിരുന്ന റോഡിന്റെ നിര്‍മ്മാണം 1945-ലും
നടന്നു. പഞ്ചായത്തിലെ മേഞ്ചിറ പാടശേഖരത്തില്‍ നിന്നാരംഭിച്ച്
ചെല്ലിപ്പാടത്തുകൂടെ തോളൂര്‍ ദേശത്തെ കുറുകെ പിളര്‍ന്ന് കടന്നുപോകുന്ന
കാളിപ്പാടം തോടിന്റെ നിര്‍മ്മാണം 1951-ലും തോളൂര്‍ പ്രൈമറി ഹെല്‍ത്ത്
സെന്ററിന്റെ സ്ഥാപനം 1963-ലുമാണ് നടന്നത്. കൊച്ചി രാജാക്കന്മാരുടെ
രാജ്യഭരണം നിലനിന്നിരുന്ന കാലത്ത് കൊച്ചി ലെജിസ്ളേറ്റീവ് കൌണ്‍സിലിലേക്ക് ഈ
പഞ്ചായത്തിലെ കെ.പി.ജോസഫിനെ എം.എല്‍.എ ആയി തെരഞ്ഞെടുത്തിരുന്നു.

Comments
Post a Comment